കേരളം ദുരിതമനുഭവിച്ചപ്പോഴൊന്നും യുഡിഎഫ് ജനങ്ങള്‍ക്കായി സമയം മാറ്റിവച്ചിട്ടില്ല: ഇപി ജയരാജൻ

single-img
7 February 2024

സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളം ദുരിതമനുഭവിച്ചപ്പോഴൊന്നും യുഡിഎഫ് ജനങ്ങള്‍ക്കായി സമയം മാറ്റിവച്ചിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത് എന്തിനാണെന്നാണ് മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കാനുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നയങ്ങള്‍ക്കെതിരായ ഡല്‍ഹി സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ വേളയിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന, ജനവിരുദ്ധമായ നിലപാടുകളെടുക്കുന്ന പാര്‍ട്ടിയുടെ സമീപനമാണ് ഡല്‍ഹി സമരത്തിന്റെ കാര്യത്തിലും കാണാനാകുന്നതെന്ന് ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

നാളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി സമരം നടക്കുന്നത്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എന്നിവരും ഡിഎംകെ, സമാജ്വാദി, ആര്‍ജെഡി പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.