കോവിഡിന് ശേഷം വിദേശയാത്രകൾ; പ്രധാനമന്ത്രി മോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപ

single-img
21 July 2023

കൊവിഡ് വൈറസ് വ്യാപന ഭീതിക്ക് ശേഷമുള്ള വിദേശയാത്രകൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചെലവാക്കിയത് 30 കോടി 80 ലക്ഷം രൂപ എന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ആവശ്യമായി വന്ന ചെലവിനെ പറ്റിയുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

2021 മാർച്ചിൽ ബംഗ്ലാദേശ് സന്ദർശനവുമായി കൊവിഡ് കഴിഞ്ഞുള്ള വിദേശയാത്രകൾക്ക് ആരംഭം കുറിച്ച പ്രധാനമന്ത്രി, ജൂൺ 2023 വരെ ആകെ ഇരുപത് വിദേശയാത്രകളാണ് നടത്തിയത്. മണിപ്പൂർ കലാപങ്ങൾ രൂക്ഷമായ മെയ്, ജൂൺ മാസങ്ങളിലും മോദി വിദേശയാത്രയിലായിരുന്നു എന്ന് മറുപടിയിൽ നിന്ന് വ്യക്തമാണ്.

മെയ് മാസം 19നു ജപ്പാനിലും മെയ് 21നു പപ്പുവന്യൂഗിനിയിലും മെയ് 22നു ഓസ്‌ട്രേലിയയിലും ആയിരുന്നു മെയ് 25 നു തിരികെയെത്തിയ അദ്ദേഹം, വീണ്ടും ജൂൺ 20 നു അമേരിയ്‌ക്കയിലേക്കും ഈജിപ്‌തിലേക്കും സന്ദർശനത്തിന് പോയി.

അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ വിദേശ യാത്രകളിൽ മുഴുകുകയായിരുന്നു പ്രധാനമന്ത്രിയെന്ന് രേഖകൾ വ്യക്തമാക്കുന്നതായി വി ശിവദാസൻ എംപി പറഞ്ഞു.