ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ “സൻമനസ്സ്” കാണിക്കുമൊ: കെടി ജലീൽ

single-img
7 November 2023

രാഷ്ട്രീയ വിവാദമായി മാറിയ സ്വർണക്കടത്ത് കേസിലെ 44 പ്രതികൾക്ക് പിഴയിട്ടതിന് പിന്നാലെ തനിക്കെതിരെ ഒരിക്കൽ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി കെ ടി ജലീൽ എം എൽ എ. എന്‍റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാർ” മാപ്പ് പറയണമെന്ന് പറയുന്നില്ലെങ്കിലും അത്തരക്കാർ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഇക്കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്നും ജലീൽ പറയുന്നു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപം:

നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു. എന്‍റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന “കഴുകൻമാർ” മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടെ? വിശുദ്ധ ഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!

എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എന്‍റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിന്‍റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?

എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ “സൻമനസ്സ്” കാണിക്കുമൊ? സത്യമേവ ജയതേ!