എസ്‌ഐആർ റദ്ദാക്കണം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം: മൂന്ന് പ്രമേയങ്ങളുമായി ഡിഎംകെ

single-img
17 October 2026

എസ്‌ഐആറിനെതിരെ മൂന്ന് പ്രമേയങ്ങൾ പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടിയായ എസ്‌ഐആർ റദ്ദാക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഇവിഎമ്മിന് പകരം പോസ്റ്റൽ ബാലറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഡിഎംകെ എംപിമാരുടെ യോഗം ചേർന്നത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ബിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നായിരുന്നു സൂചനയെങ്കിലും യോഗത്തിൽ പ്രധാനമായും എസ്‌ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായത്.
എസ്‌ഐആർ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ലോക്‌സഭയിലും രാജ്യസഭയിലുമായി 30 എംപിമാരാണ് ഡിഎംകെയ്ക്കുള്ളത്. ഇന്ത്യ സഖ്യത്തിൽനിന്ന് പുറത്തുവന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വിവിധ ബില്ലുകളോടുള്ള പാർട്ടിയുടെ നിലപാട് ശ്രദ്ധേയമാകും. മണ്ഡല പുനർനിർണയത്തെയും വനിതാ സംവരണ ബില്ലിനെയും ഡിഎംകെ നേരത്തെ എതിർത്തിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടുകൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.