എറണാകുളം സിനഗോഗ് തീവെപ്പ്: പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി

എറണാകുളത്ത് സിനഗോഗിന് തീവെച്ച കേസിൽ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. അന്വേഷണസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുണ്ടായിട്ടുണ്ടോയെന്നതടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്. ആക്രമണം നടന്ന സ്ഥലങ്ങളെല്ലാം അതീവസെൻസിറ്റീവ് മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ 12-ന് പുലർച്ചെയാണ് എറണാകുളം മാർക്കറ്റിലെ കടവഭാഗത്തുള്ള സിനഗോഗിന് തീവെച്ചത്. കാറിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തം ഫോണിൽ ചിത്രീകരിച്ചതായും വിവരമുണ്ട്. കേസിന്റെ അന്വേഷണം പ്രതി പഠിച്ച പൂനെയിലെ സർവകലാശാലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.


