മുഖ്യമന്ത്രിയാകുകയല്ല, തോൽ‌വിയിൽ നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് എന്റെ നിയോഗം: വിഡി സതീശന്‍

single-img
9 January 2023

കേരളത്തിന്റെ മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോഴുള്ള തോല്‍വിയില്‍നിന്ന് പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരികയാണ് നിയോഗം. എന്‍എസ്എസിനും സമുദായസംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിൽ സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ?. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അങ്ങനെയുള്ളപ്പോൾ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.

ഇനിയും അത്തരത്തിൽ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതി ശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.