തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല; പരാതി നൽകി കുടുംബം

single-img
7 November 2024

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെ കാണാതായതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. അഞ്ചേകാലോടെ ഓഫീസിൽ നിന്നും ഇറങ്ങി . വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.

എന്നാൽ, അതിനുശേഷം വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂർ പൊലീസിൽ പരാതി നൽകി. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രി എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. ഈ സമയം പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല.

പൊലീസ് അന്വേഷണത്തിൽ അത്തരത്തിൽ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി. അതിനുശേഷം ഇന്ന് രാവിലെ 6.55-ന് ഫോൺ ഓണായി. പക്ഷെ ഉടൻ തന്നെ ഓഫായി. രാവിലെ ഫോൺ ഓൺ ആയപ്പോഴാണ് ടവർ ലൊക്കേഷൻ കോഴിക്കോട് എന്ന് കാണിച്ചത്.ഫോൺ മറ്റാരുടെയോ കയ്യിലാണെന്നാണ് കുടുംബത്തിന്റെ സംശയം.