പ്രധാനമന്ത്രി മോദിയിൽ നല്ല ഗുണങ്ങളുണ്ട്: ഗുലാം നബി ആസാദ്

single-img
9 April 2023

കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. ബിജെപിയുടെ ഇപ്പോഴത്തെ വളർച്ചക്ക് കാരണം ഈ കാലഘട്ടത്തിലെ കോൺഗ്രസ് നേതൃത്വമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. യുവക്കളായ നേതാക്കളെ കോണ്‍ഗ്രസ് പാർട്ടിക്ക് നഷ്ടമാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

അനിൽ ആന്റണി കോൺഗ്രസ് പാർട്ടി വിട്ടത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർപിഎൻ സിങ്, ഹാർദിക് പട്ടേൽ, എന്നിങ്ങനെയുള്ള നിരവധി യുവനേതാക്കളാണ് പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിക്ക് ശരിയായ നേതൃത്വപാടവം ഇല്ലാത്തതുകൊണ്ടാണ് യുവനേതാക്കൾ കൊഴിഞ്ഞുപോകുന്നതെന്ന് ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

താൻ ബിജെപിയുടെ നയങ്ങളോട് വിയോജിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ചില നല്ല ഗുണങ്ങളുണ്ട്. മോദിക്കെതിരെ ഏഴ് വർഷം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ചായസത്കാര ക്ഷണങ്ങൾ നിരസിച്ചിരുന്നു. പക്ഷേ അതിന്റെ വിരോധം അദ്ദേഹം കാണിച്ചിട്ടില്ല.

ബിജെപി സ്വീകരിക്കുന്ന നയങ്ങൾ ഒരിക്കലും രാജ്യത്തെ മുസ്ലിങ്ങളെയോ ന്യൂനപക്ഷങ്ങളെയോ സഹായിക്കുന്നവയല്ല. എന്നാൽ സഹായിക്കുകയാണ് എന്ന പ്രതീതി അവർ ഉണ്ടാക്കുന്നുണ്ട്. കോൺഗ്രസ് നിശ്ചലരായി ഇരുന്ന് ബിജെപിയെ വളരാൻ സഹായിക്കുകയാണെന്നും ഗുലാം നബി ആസാദ് തുറന്നുപറഞ്ഞു.