സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല: ഡികെ ശിവകുമാർ

single-img
17 August 2024

മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാർ രംഗത്ത്.

സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് ഡി കെ പറഞ്ഞത്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം ശക്തമായി നിലകൊളളുമെന്നും ശിവകുമാർ വ്യക്തമാക്കി.

നേരത്തെ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്നാണ് കർണാടക മുഖ്യമന്ത്രി പറഞ്ഞത്. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബി ജെ പി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.