കേരളശ്രീ പുരസ്‍കാരം തല്‍ക്കാലം സ്വീകരിക്കില്ല; കാനായി കുഞ്ഞിരാമന്‍

single-img
1 November 2022

തിരുവനന്തപുരം: കേരളശ്രീ പുരസ്‍കാരം തല്‍ക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമന്‍.

ശംഖുമുഖം, വേളി, പയ്യാമ്ബലം എന്നിവിടങ്ങളിലെ തന്‍റെ ശില്‍പ്പങ്ങള്‍ വികൃതമായി കിടക്കുന്നു. സര്‍ക്കാര്‍ ഇത് ശരിയാക്കിയ ശേഷം അവാര്‍ഡ് സ്വീകരിക്കാമെന്ന് കാനായി പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

കാനായി കുഞ്ഞിരാമന്‍, ഡോ.സത്യഭാമാ ദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ പുരസ്‍ക്കാരം. സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് എംടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍ എന്‍ പിള്ളയ്ക്കും മമ്മൂട്ടിയ്ക്കും, സിവില്‍ സര്‍വ്വീസ്, സാമൂഹ്യ സേവന രംഗങ്ങളിലെ മികവിന് ടി മാധവമേനോനും കേരള പ്രഭാ പുരസ്കാരം നല്‍കും.

വിവിധ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പരിഗണിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും. ക്യാഷ് അവര്‍ഡ് ഉണ്ടാകില്ല. ഏപ്രിലില്‍ ആര്‍ക്കുവേണമെങ്കിലും ആരുടെ പേരും നിര്‍ദ്ദേശിക്കാവുന്ന തരത്തിലായിരുന്നു അപേക്ഷ സമര്‍പ്പണം. സര്‍ക്കാര്‍ അറിയിക്കുന്ന തീയതിയില്‍ ഗവര്‍ണര്‍ പുരസ്കാര വിതരണം നടത്തും.