ആലപ്പുഴയിൽ സാധിച്ചില്ലെങ്കിൽ തൃശ്ശൂരിനെ പരിഗണിക്കണം; ഇവിടങ്ങളിൽ എയിംസ് നൽകുന്നതാണ് നീതി: സുരേഷ് ഗോപി

single-img
14 January 2026

കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും, എന്നാല്‍ ഏത് ജില്ലയിലാണ് സ്ഥാപിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. വികസന രംഗത്ത് അവഗണന നേരിടുന്ന ആലപ്പുഴ ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ സാധിക്കാത്ത പക്ഷം തൃശ്ശൂരിനെ പരിഗണിക്കാമെന്നും, ഈ ജില്ലകളില്‍ എയിംസ് സ്ഥാപിക്കുന്നതാണ് നീതിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തില്‍ എയിംസ് വരുന്നത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും, എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് ഈ വലിയ മെഡിക്കല്‍ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ എയിംസ് പ്രഖ്യാപനങ്ങളെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഓരോ ഘട്ടത്തിലും എയിംസ് വരാനുള്ള സ്ഥലം മാറ്റിമാറ്റി പറയുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആദ്യം തൃശൂരെന്നും പിന്നീട് സ്വന്തം അമ്മവീടായ ആലപ്പുഴയെന്നും പറഞ്ഞ സുരേഷ് ഗോപി, ഇപ്പോള്‍ തെങ്കാശിയിലേക്കും തയ്യാറാകുന്ന നിലപാടിലാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. വോട്ടു നേടാന്‍ വേണ്ടി എന്തും പറയുന്ന സമീപനമാണ് സുരേഷ് ഗോപിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.