മലയാള ദൃശ്യമാധ്യമരംഗത്തേയ്ക്ക് പുതിയ ടെലിവിഷൻ വാർത്താ ചാനൽ; ‘ദി ഫോർത്ത്’ സ്വാതന്ത്ര്യദിനത്തിൽ സംപ്രേഷണം ആരംഭിക്കും

single-img
3 April 2023

മലയാളത്തിലെ ഏറ്റവും പുതിയ ടെലിവിഷൻ വാർത്താ ചാനലായ ദി ഫോർത്ത് ഈ വർഷം സ്വാതന്ത്ര്യദിനത്തിൽ സംപ്രേഷണം ആരംഭിക്കും. കടുത്ത മൽസരം നിലനിൽക്കുന്ന മലയാള ദൃശ്യമാധ്യമരംഗത്തേയ്ക്ക് പ്രമുഖരായ മാധ്യമപ്രവർത്തകരുടെ നിരയുമായി ഫോർത്തിൻ്റെ രംഗപ്രവേശം ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമായി തുടങ്ങിയ ഫോർത്ത് ഇപ്പോൾത്തന്നെ വ്യത്യസ്തമായ റിപ്പോർട്ടുകളുമായി ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

മലയാള മാധ്യമ രംഗത്ത് ഇതുവരെ കാണാത്ത ദൃശ്യഭാഷയോടെയാകും ഫോർത്ത് എത്തുക എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിലെ നടപ്പുരീതികളിൽ നിന്ന് മാറി അന്താരാഷ്ട്ര മാധ്യമങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരിക്കും ചാനലിന്റെ ലുക്ക് ആൻ് ഫീൽ. അന്താരാഷ്ട്ര തലത്തിൽ പ്രധാന ഇവൻ്റുകളുടെ ചുക്കാൻ പിടിച്ച ഒരു സാങ്കേതിക വിദഗ്ദന്റെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായി ആരംഭിക്കുന്ന ദ ഫോർത്തിൻ്റെ സ്റ്റുഡിയോ അടങ്ങുന്ന സെൻട്രൽ ഡെസ്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. മാതൃഭൂമി, ഏഷ്യാനെറ്റ്, മീഡിയാ വൺ, ന്യൂസ് 18 എന്നിവിടങ്ങളിൽ നിന്നു ചില മുതിർന്ന മാധ്യമ പ്രവർത്തകർ ഇതിനോടകം സ്ഥാപനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇംഗ്ലീഷ് മാധ്യമ രംഗത്ത് 20 വർഷത്തോളം പ്രവൃത്തിപരിചയമുള്ള ബി ശ്രീജൻ, ഫോർത്തിൻ്റെ ന്യൂസ് ഡയറക്ടറായി നേരത്തേ തന്നെ ചുമതലയേറ്റിരുന്നു. നിലവിൽ നൂറിലധികം പേർ ഫോർത്തിൻ്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനായ എൻ കെ ഭൂപേഷ് എക്സിക്യൂട്ടിവ് എഡിറ്ററായ ടീമിനാണ് ഡിജിറ്റൽ വിഭാഗത്തിൻ്റെ ചുമതല. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എഫ് എം സി ജി കമ്പനിയുടെ നേതൃത്വത്തിലാണ് ഫോർത്തിൻ്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15-ന് വൈബ്സൈറ്റ് ലോഞ്ച് ചെയ്തതോടെ മാധ്യമമേഖലയിലും പൊതുജനങ്ങൾക്കിടിയിലും ദ ഫോർത്ത് ചർച്ചാ വിഷയമായി. യുവസംവിധായികയായിരുന്ന നയനാ സൂര്യന്റെ മരണത്തിലെ പുനരന്വേഷണം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിസമരം എന്നിങ്ങനെ നിരവധി വിഷയങ്ങളിലൂടെ ഇതിനോടകം ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്.

ഫോർത്തിൻ്റെ ഡിജിറ്റൽ എഡിഷന് ലഭിച്ച ജനപ്രീതി കൂടുതൽ നിക്ഷേപകരെ ഫോർത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 50 കോടി മുതൽ മുടക്കിൽ ആരംഭിക്കാനിരുന്ന പദ്ധതിയിൽ നിലവിൽ 80 കോടിക്കടുത്ത് നിക്ഷേപം എത്തുമെന്നാണ് സൂചന.