ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിച്ച്‌ മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് കുടുംബം

single-img
19 January 2023

ഗാന്ധിനഗര്‍: ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിച്ച്‌ മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് ഗുജറാത്തിലെ താപിയിലുള്ള ഒരു കുടുംബം.

വിവാഹത്തിന് കുടുംബം അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗണേഷ് രഞ്ജന എന്നിവരുടെ പ്രതിമകളെയാണ് പ്രതീകാത്മകമായി വിവാഹം ചെയ്യിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവരുടെ മരണം. തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നിജാര്‍ താലൂക്കിലെ നെവാല ഗ്രാമത്തില്‍ വിവാഹം ചെയ്യുന്നതില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്ബതികള്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഏറെ വൈകിയാണെങ്കിലും കുടുംബങ്ങള്‍ ഇപ്പോള്‍ അവരുടെ തെറ്റ് മനസ്സിലാക്കി. മരണം വരെ അംഗീകരിക്കാതിരുന്ന അവരുടെ ബന്ധം അവര്‍ ഇപ്പോള്‍ അംഗീകരിച്ചു. അവര്‍ക്ക് വിവാഹ ചടങ്ങുകളും നടത്തി. അവരുടെ മരണത്തിന് ഒരു വര്‍ഷത്തിനുശേഷം ഇരുവരുടെയും വിഗ്രഹങ്ങള്‍ സൃഷ്ടിച്ച്‌ എല്ലാ വിവാഹ ചടങ്ങുകളും മതാചാര പ്രകാരം നടത്തി.

ഏറെ കാലത്തെ പ്രണയമായിരുന്നു ഗണേഷ് പദ്വിയുടെയും രഞ്ജന പദ്വിയുടെയും. തങ്ങളുടെ ബന്ധത്തില്‍ കുടുംബത്തിന്റ എതിര്‍പ്പില്‍ നിരാശരായിരുന്നു ഇരുവരും. കുടുംബാഗങ്ങളുടെ മോശം പെരുമാറ്റവും പരിഹാസവും അവരെ കൂടുതല്‍ തളര്‍ത്തി. ഒടുവില്‍ ഒരു മരത്തില്‍ കയറുകെട്ടി തൂങ്ങി അവര്‍ ജീവനൊടുക്കുകയായിരുന്നു.

അതേസമയം, വാര്‍ത്ത പുറത്തുവന്നതോടെ വ്യാപക വിമര്‍ശനവും കുടുംബാംഗങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവന്നു. രണ്ടുപേരുടെ ജീവന്‍ ബലി നല്‍കിയ ശേഷമുള്ള തിരിച്ചറിവിന് എന്ത് പ്രസക്തിയെന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതരിക്കാന്‍ കുടുംബാംഗങ്ങളുടെ പ്രവൃത്തി പാഠമാകുമെന്നാണ് മറുവാദം. യുപ്പിയില്‍ പ്രണയ നൈരാശ്യവും ദുരഭിമാനവും മൂലം ഇത്തരം നിരവധി ആത്മഹത്യകള്‍ നടക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയന്നു.