ബജറ്റിൽ കിട്ടിയത് കടലാമ സംരക്ഷണ കേന്ദ്രവും ധാതു ഇടനാഴിയും; സുരേഷ് ഗോപിയുടെ ‘എയിംസ്’ ആവിയായി

single-img
1 February 2026

ധനമന്ത്രി നിർമല സീതാരാമൻ മോദി സർക്കാരിന്റെ 9-ാം ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് അവഗണന മാത്രമാണെന്ന ആരോപണം ശക്തമാകുന്നു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം പൂർത്തിയായപ്പോഴും എയിംസ്, അതിവേഗ റെയിൽ പദ്ധതികൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.

2026 ബജറ്റിൽ എയിംസും അതിവേഗ റെയിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം. എന്നാൽ കേരളത്തിന് പേരിനുള്ളതായി ലഭിച്ചത് കടലാമ സംരക്ഷണ കേന്ദ്രം, അപൂർവ ധാതു ഇടനാഴി, നാളികേര പ്രോത്സാഹനം, ആയുർവേദ ചികിത്സാ പ്രോത്സാഹനം തുടങ്ങിയ പ്രഖ്യാപനങ്ങളാണ്. ഇതോടെ കേന്ദ്ര ബജറ്റിലെ കടലാമ സംരക്ഷണ കേന്ദ്രം സോഷ്യൽ മീഡിയയിൽ ‘ആമമുട്ട’ ട്രോളുകൾക്ക് വഴിവെച്ചു.

മുംബൈ–പൂനെ, പൂനെ–ഹൈദരാബാദ്, ഹൈദരാബാദ്–ബെംഗളൂരു, ഹൈദരാബാദ്–ചെന്നൈ, ചെന്നൈ–ബെംഗളൂരു, ഡൽഹി–വാരാണസി, വാരാണസി–സിലിഗുരി എന്നീ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ കേരളം പട്ടികയിൽ ഇടംനേടിയില്ല. തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ വൻ പ്രഖ്യാപനങ്ങൾ നടത്തുന്ന പതിവ് ബിജെപി സർക്കാർ കേരളത്തിന്റെ കാര്യത്തിൽ അത് പോലും പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നു.

പാർലമെന്റിൽ കേരളത്തിലെ എംപിമാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബജറ്റ് പ്രസംഗത്തിൽ സംസ്ഥാനത്തെ പരാമർശിക്കാൻ പോലും ധനമന്ത്രി തയ്യാറായില്ലെന്ന ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാടിനും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ആദ്യം അവസരം നൽകിയ കര്‍ണാടകയ്ക്കും ബജറ്റിൽ ചില ഇളവുകൾ ഉണ്ടായപ്പോഴാണ് കേരളം പൂർണമായി തഴയപ്പെട്ടതെന്ന വിലയിരുത്തൽ.

കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിൽ എയിംസ് വരുമെന്ന് നൽകിയ ഉറപ്പുകളും ആലപ്പുഴയിലോ തൃശൂരിലോ എയിംസ് എന്ന വിഷയത്തിൽ നടത്തിയ പ്രസ്താവനകളും എന്തിനായിരുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് നേരത്തെ അനുകൂല സൂചനകൾ നൽകിയിരുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ വാക്കുകളും ഈ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുകയാണ്.