ആർഎസ്എസിന്റെ നയമാണ് ബിജെപി നടപ്പാക്കുന്നത്; അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ ഭരണഘടന അംഗീകരിക്കാൻ ആകുന്നില്ല: പിണറായി വിജയൻ

ഇന്ത്യ ഗവൺമെൻ്റ് സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. ആലപ്പുഴയിൽ വി എസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ വലിയ പ്രക്ഷേഭം നടക്കുകയാണ്. കൂടുതൽ ജനവിഭാഗങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമായി ദില്ലിയിൽ അണിനിരക്കുന്നു.
എന്നാൽ അതിനെ തിരിഞ്ഞു നോക്കാൻ ബി ജെ പി ഗവൺമെൻ്റ് തയ്യാറായില്ല. തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. എസ് ഐ ആറിൻ്റെ പേരിൽ നിരവധി വോട്ടർമാർ തള്ളപ്പെട്ടു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ വേട്ടയാടുന്നു. ആർഎസ്എസ് നേതൃത്വം അംഗീകരിച്ച പാർട്ടിയാണ് ബിജെപി .ആർഎസ്എസിന്റെ നയമാണ് അവർ നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ ഭരണഘടന അംഗീകരിക്കാൻ ആകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിൻ്റെ നയങ്ങളെ വിമർശിക്കാൻ കേരളത്തിൽ പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രത്തിലൂടെയും നയപ്രഖ്യാപനത്തിലൂടെയും ബജറ്റിലൂടെയും എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. സ്വകാര്യവൽക്കരണ നയമാണ് യു ഡി എഫിൻ്റേത്. ഇത് ബി ജെ പി യുടെ നയമാണെന്നും പിണറായി വിജയൻ പറഞ്ഞു.


