വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; വിദ്യാഭ്യാസ മേഖല തകർത്തവരെ സംരക്ഷിച്ചു: രാഹുൽ ഗാന്ധി

single-img
23 July 2026

വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ മേഖല തകർത്തവരെ പ്രധാനമന്ത്രി സംരക്ഷിച്ചുവെന്നും യുവജനങ്ങളുടെ ഭാവിയെ തകർത്തത് കേന്ദ്രസർക്കാരെന്നും രാഹുൽ ഗാന്ധി പറയുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ഉൾപ്പെടെയുള്ള മൂന്ന് ആവശ്യങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. കേന്ദ്രസർക്കാർ കുറ്റക്കാർക്ക് സംരക്ഷണം നൽകിയെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി വിദ്യാർത്ഥികളുടെ ആവശ്യം വ്യക്തമാണെന്നും കൂട്ടിച്ചേർത്തു. ധർമേന്ദ്ര പ്രധാൻ വിദ്യാർത്ഥികളോട് മാപ്പ് പറയണം. അവർക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് പാർലമെന്റിൽ സംസാരിക്കാൻ ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സമൂഹമാധ്യമ പോസ്റ്റിലൂടെ വിദ്യാർത്ഥികളെ കുറിച്ച് ആശങ്ക തെളിയിക്കാനാണ് മോദി ശ്രമിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം പ്രധാനമന്ത്രി കടുത്ത സമ്മർദ്ദത്തിലാണെന്ന് പോസ്റ്റ്‌ വ്യക്തമാക്കുന്നതായി ജയറാം രമേശ് പറഞ്ഞു.