വഖഫ് വിവാദം: ‘കേന്ദ്രത്തിന് വഴിയൊരുക്കിയത് ഇടത് സർക്കാർ’: പിഎംഎ സലാം

single-img
21 July 2026

വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിശദീകരണ ലേഖനത്തിലൂടെയാണ് വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് വഴിയൊരുക്കിയത് ഇടത് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചത്.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സലാം വിമർശിച്ചു.കേന്ദ്രം വഖഫ് ഭേദഗതി നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സി.യ്ക്ക് വിട്ട് ഇടത് സർക്കാർ വിശ്വാസികളെ വഞ്ചിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മുസ്ലിം ലീഗിന്റെ നിരന്തരമായ പ്രതിഷേധമാണ് സർക്കാർ ആ തീരുമാനം പിൻവലിക്കാൻ നിർബന്ധിതരാക്കിയതെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടി.വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് പാർലമെന്റിന്റെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നുവെന്ന് സലാം പറഞ്ഞു.

എന്നാൽ, 2026 ഫെബ്രുവരി 4-ന് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനായി മുഴുവൻ അംഗങ്ങളെയും സർക്കാർ നാമനിർദേശം ചെയ്തതിലൂടെ കേന്ദ്ര നിയമം പിന്തുടർന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പിന്തുടരാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.