ആർഎസ്എസ് മന്ദിരത്തിന്‍റെ പാർക്കിങ്ങിനായി ഡൽഹിയിൽ 1400 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു

ഡൽഹിയിലെ ജണ്ഡേവാലയിൽ ആർഎസ്എസ് മന്ദിരത്തിനായി പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി വർഷങ്ങൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ബിജെപി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശമായ ജണ്ഡേവാലയിൽ 1400 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം ഇടിച്ചുകളഞ്ഞുവെന്ന വിവരമാണ് എബിപി ന്യൂസ് പുറത്തുവിട്ടത്.
ക്ഷേത്രം പൊളിച്ചുമാറ്റിയെന്നാരോപിച്ച് പ്രദേശവാസികൾ പകർത്തിയ വീഡിയോകളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോൺഗ്രസും ഈ വീഡിയോകൾ അവരുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ജണ്ഡേവാലയിലെ ആർഎസ്എസ് ആസ്ഥാനത്തിന് സമീപമുള്ള കെട്ടിടങ്ങളിലാണ് കയ്യേറ്റവിരുദ്ധ നടപടികളുടെ ഭാഗമായി ബുൾഡോസർ ഉപയോഗിച്ച് പൊളിക്കൽ നടന്നത്. എന്നാൽ 45 ദിവസം മുൻപ് തന്നെ ബന്ധപ്പെട്ട വ്യക്തികൾക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും നിയമനടപടികൾ പാലിച്ച ശേഷമാണ് പൊളിക്കൽ നടന്നതെന്നും മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


