റോമിന് ആ പേര് കിട്ടിയത് ശ്രീരാമനിൽ നിന്നും; സ്വാമി അമേഗ് ലീല പ്രഭുവിന്റെ പ്രഭാഷണം വൈറൽ

single-img
7 April 2023

ഇറ്റാലിയൻ തലസ്ഥാനമായ റോമിന് ആ പേര് കിട്ടിയത് ഭാരതത്തിലെ ശ്രീരാമനിൽ നിന്നാണെന്ന് സ്വാമി അമേഗ് ലീല പ്രഭുവിന്റെ പ്രഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുവജന കൗൺസിലർ, കോർപറേറ്റ് ഉപദേശകൻ, ആത്മീയ ശിക്ഷകൻ, സന്ന്യാസി, ന്യൂഡൽഹി ദ്വാരക ഇസ്‌കോൺ ക്ഷേത്രത്തിന്റെ വൈസ് പ്രസിഡൻറ് എന്നിങ്ങനെയാണ് ഇദ്ദേഹത്തിന്റെ ട്വിറ്റർ ബയോ.

നാസ- എന്ന് പറയുന്നത് നാസികയെന്നതിന് (മൂക്ക്) നോസ് എന്നാണ് ഇംഗ്ലീഷിൽ പറയുകയെന്നും സമാനമായ രീതിയിലാണ് റാമെന്ന പേരിനെ റോമാക്കി മാറ്റിയതെന്നും ഇദ്ദേഹം പ്രഭാഷണത്തിൽ അഭിപ്രായപ്പെടുന്നു. 753 ബി സി ഏപ്രിൽ 21നാണ് റോം സ്ഥാപിക്കപ്പെട്ടതെന്നും അന്ന് രാമനവമിയായിരുന്നുവെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നുണ്ട്.

ഇതിനെല്ലാം പുറമെ ഇറ്റലിയിലെ റവന്ന നഗരത്തിന്റെ പേരിന് രാവണനുമായി ബന്ധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു . റവന്നയും റോമും ഇറ്റലിയുടെ ഇരുവശങ്ങളിലാണെന്നും ഡയോമെട്രിക്കലി എതിർവശങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നഗരങ്ങളിലൊന്ന് രാവണന്റെയും മറ്റൊന്ന് ശ്രീരാമന്റെയും പ്രതീകമാണെന്നും പറഞ്ഞു.

അതേസമയം, ‘ഹേയ് റാം, ദയവ് ചെയ്ത് ഓർക്കുക.. റോമിന്റെ പേര് റാമിൽ നിന്ന് വന്നതല്ല. ലോകത്തിലുള്ളതെല്ലാം നമ്മിൽ നിന്നാണ് വരുന്നതെന്ന ബാലിശമായ ഫാന്റസിയിൽ നിന്ന് ഹിന്ദുക്കളായ നമ്മൾ എപ്പോഴാണ് കരകയറുക’ എന്ന് ഈ വീഡിയോക്ക് ചുവടെ മലയാളിയായ വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ കമൻറ് ചെയ്തു.