സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ജയം നേടി പരമ്പരയിൽ മുന്നിലെത്തി. ബോളർമാരുടെ ശക്തമായ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഹർഷിത് റാണ, അർശ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ഹർദിക് പാണ്ട്യയും ശിവം ദുബൈയും ഓരോ വിക്കറ്റുകൾ നേടി.
ബാറ്റിംഗിൽ അഭിഷേക് ശർമ്മ 18 പന്തുകളിൽ മൂന്ന് ഫോറുകളും സിക്സറുകളും അടക്കം 35 റൺസ് നേടി. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 28 പന്തുകളിൽ 28 റൺസ് കൂട്ടിച്ചേർത്തു. തിലക് വർമ്മ (26), ശിവം ദുബൈ (10*) എന്നിവരും ടീമിന്റെ വിജയത്തിൽ പങ്കുവഹിച്ചു.
അതേസമയം, തുടർച്ചയായി മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഈ മത്സരത്തിലും തിളങ്ങാൻ കഴിഞ്ഞില്ല. 11 പന്തുകളിൽ രണ്ട് ഫോറുകൾ ഉൾപ്പെടെ 12 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ താരത്തെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് സൂര്യകുമാർ ഫോം വീണ്ടെടുക്കാനാകാത്ത പക്ഷം സ്‌ക്വാഡിൽ ഇടം നേടുന്നത് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.


