തെരുവ് നായ ആക്രമണം; ഗുരുതര പരിക്കുകളുമായി വയോധികയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

single-img
14 September 2022

ചിറയിൻകീഴ് കടയ്ക്കാവൂരിൽ വയോധികയെ തെരുവ് നായ ആക്രമിച്ചു. കടയ്ക്കാവൂർ ഏലാപ്പുറം പുളിയറക്കുന്ന് വീട്ടിൽ ലളിതമ്മ (68)യെയാണു ഇന്നു(ബുധൻ) പകൽ 11 മണിയോടെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു പരുക്കേൽപ്പിച്ചത്. പെരുങ്കുളം ജംഗ്ഷനിൽ നിന്നു മണനാക്കിലേക്കു റോഡിലൂടെ നടന്നു പോകവേയാണു സംഭവം. മുഖത്തും ശരീര ഭാഗങ്ങളിലും കടിയേറ്റു ഗുരുതരമായി പരിക്കേറ്റ ലളിതമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് വണ്ടിയിൽ നിന്നും വീണു തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി എൻ.എസ്.അജിൻ കൊല്ലപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. അരുവിയോട് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം എതിരെ വരികയായിരുന്ന അജിന്റെ ബൈക്കിലിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ അജിനെ കാരക്കോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. മീൻ വാങ്ങിയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു അജിൻ.