‘ബിജെപിയിൽ തുടരൂ, പക്ഷെ ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കൂ’ ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് അരവിന്ദ് കെജ്രിവാൾ

single-img
3 September 2022

ബിജെപിയിൽ തുടർന്ന് കൊണ്ട് ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിച്ചു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി പ്രവർത്തകർ ബി.ജെ.പിയിൽ നിന്ന് പണം വാങ്ങുന്നത് തുടരണമെന്നും എന്നാൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ ഉള്ളിൽ നിന്ന് ശ്രമിക്കണമെന്നുമാണ് രാജ്‌കോട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേജ്‌രിവാൾ പറഞ്ഞത്.

നിങ്ങൾക്ക് (ബിജെപി പ്രവർത്തകർ) ആ പാർട്ടിയിൽ തുടരാം, പക്ഷേ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കാം. നിങ്ങളിൽ പലർക്കും ബിജെപി ശമ്പളം നൽകുന്നുണ്ട്, അതിനാൽ അവിടെ നിന്ന് പണം വാങ്ങുക. പക്ഷേ ഞങ്ങൾക്ക് പണമില്ലാത്തതിനാൽ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക- അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ, ഞങ്ങൾ സൗജന്യ വൈദ്യുതി നൽകും, അത് നിങ്ങളുടെ വീടുകൾക്കും ബാധകമാകും. ഞങ്ങൾ നിങ്ങൾക്ക് സൗജന്യവും 24 മണിക്കൂറും വൈദ്യുതി നൽകും, നിങ്ങളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്ന നല്ല സ്കൂളുകൾ ഞങ്ങൾ നിർമ്മിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുകയും നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് അലവൻസായി 1,000 രൂപ വീതം നൽകുകയും ചെയ്യും എന്നും കെജ്‌രിവാൾ പറഞ്ഞു.

ഈ വർഷം അവസാനം ഡിസംബറിൽ ആണ് ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ പ്രചാരണമാണ് ആം ആദ്മി പാർട്ടി ഗുജറാത്തിൽ നടത്തുന്നത്. തന്റെ ദ്വിദിന ഗുജറാത്ത് സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് കെജ്‌രിവാൾ സുരേന്ദ്രനഗറിൽ സർപഞ്ചുമാരുടെയും ഗ്രാമത്തിലെ കമ്പ്യൂട്ടർ സംരംഭകരുടെയും ടൗൺഹാൾ യോഗത്തിൽ പങ്കെടുക്കും