സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതെല്ലാം നേടിയെടുക്കാനായി ഒരേ സ്വരത്തിൽ ശബ്ദമുയർത്താൻ സാധിച്ചു: മുഖ്യമന്ത്രി

single-img
8 February 2024

കേന്ദ്ര സർക്കാരിനെതിരെയുള്ള കേരളത്തിന്റെ ദൽഹി പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. രാജ്യത്തിന്റെ ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ സമരത്തിൽ പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതി.

നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും അതുവഴി എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഐക്യബോധത്തോടെ നമുക്കൊന്നിച്ചു മുന്നേറാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം:

ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ സമരത്തിൽ പങ്കുചേരുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളുടെ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധം.

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതെല്ലാം നേടിയെടുക്കാനായി ഒരേ സ്വരത്തിൽ ശബ്ദമുയർത്താൻ സാധിച്ചു. നമ്മുടെ ഭരണഘടനാതത്വങ്ങൾ ഉയർത്തിപ്പിടിക്കാനും അതുവഴി എല്ലാവർക്കും നീതി ഉറപ്പാക്കാനും സാധിക്കുന്നത് വരെ ഈ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും. ഐക്യബോധത്തോടെ നമുക്കൊന്നിച്ചു മുന്നേറാം.