ജനിച്ചയുടന്‍ കുട്ടി മരിച്ചാല്‍ എല്ലാ കേന്ദ്രസര്‍കാര്‍ വനിതാ ജീവനക്കാര്‍ക്കും 60 ദിവസത്തെ പ്രത്യേക പ്രസവാവധി; കേന്ദ്ര സർക്കാർ

single-img
3 September 2022

ന്യൂഡെല്‍ഹി: () ജനിച്ചയുടന്‍ കുട്ടി മരിച്ചാല്‍ എല്ലാ കേന്ദ്രസര്‍കാര്‍ വനിതാ ജീവനക്കാര്‍ക്കും 60 ദിവസത്തെ പ്രത്യേക പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് (DoPT) മന്ത്രാലയം ഉത്തരവിലൂടെ അറിയിച്ചു.

കുഞ്ഞ് ജനിച്ചയുടനെ മരിക്കുകയോ ചാപിള്ളയെ പ്രസവിക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന വൈകാരിക ആഘാതം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
വനിതാ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരി ഇതിനകം ഒരു പ്രസവാവധി എടുത്തിട്ടുണ്ടെങ്കില്‍ ക്രെഡിറ്റിലുള്ള മറ്റ് ഇനത്തിലുള്ള അവധിയിലേക്ക് ഇത് മാറ്റും. കുഞ്ഞിന്റെ മരണം മുതലുള്ള തീയതിയാണ് അവധിയായി കണക്കാക്കുക. കുട്ടിയുടെ മരണ തീയതി മുതല്‍ 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാമെന്ന് DoPT പറഞ്ഞു. ജനിച്ച്‌ 28 ദിവസത്തിനകം കുഞ്ഞുങ്ങള്‍ മരിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ അവധി ലഭിക്കുക.
ഗര്‍ഭാവസ്ഥയുടെ 28 ആഴ്‌ചയിലോ അതിനുശേഷമോ ജീവന്റെ ലക്ഷണങ്ങളില്ലാതെ ജനിച്ച കുഞ്ഞിനെ ചാപിള്ളയായി നിര്‍വചിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം, ജീവിച്ചിരിക്കുന്ന രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്ര സര്‍കാര്‍ ഉദ്യോഗസ്ഥയ്ക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിച്ചവര്‍ക്കും മാത്രമായിരിക്കും. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത് സ്കീമിന് (CGHS) കീഴില്‍ എംപാനല്‍ ചെയ്ത സര്‍കാര്‍ ആശുപത്രി അല്ലെങ്കില്‍ സ്വകാര്യ ആശുപത്രി എന്നാണ് അംഗീകൃത ആശുപത്രിയെ നിര്‍വചിച്ചിരിക്കുന്നത്. എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയില്‍ അടിയന്തര പ്രസവമാണെങ്കില്‍ എമര്‍ജന്‍സി സര്‍ടിഫികറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഡിഒപിടി ഉത്തരവില്‍ പറയുന്നു.