ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം എന്നിവ ബോളിവുഡിൽ കുറവാണ്: കാജൽ അഗർവാൾ

single-img
1 April 2023

ദക്ഷിണേന്ത്യയിലെ ചലച്ചിത്ര മേഖലയെയും ഹിന്ദി സിനിമാ രംഗത്തെയും താരതമ്യം ചെയ്ത് നടി കാജല്‍ അഗര്‍വാള്‍. കാജൽ നൽകിയ ഒരു അഭിമുഖത്തിൽ, ‘ദക്ഷിണേന്ത്യയില്‍ സൗഹാർദ്ദപരമായ വ്യവസായമാണ്’ എന്നും തനിക്ക് ഏറ്റവും സ്വീകാര്യമായ മേഖല അവിടെയാണെന്നും കാജല്‍ തുറന്നു പറഞ്ഞു.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം എന്നിവ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് കാജൽ പറഞ്ഞു. എന്നാല്‍ ഈ പറഞ്ഞ മൂന്നും ഹിന്ദി സിനിമ മേഖലയില്‍ കുറവാണെന്നും കാജല്‍ അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രാജ്യത്തെ നടന്മാരും നടിമാരും ബോളിവുഡില്‍ തങ്ങളുടെ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നു. കാരണം ഇത് രാജ്യവ്യാപകമായി എത്തുന്ന ഭാഷയാണെന്ന് കാജൽ പറഞ്ഞു. ഒരു ബോംബെ പെൺകുട്ടിയാണ് തനെന്നും, മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെന്നും കാജല്‍ പറയുന്നു. എന്നാല്‍ തെലുങ്ക് സിനിമ മേഖലയിലാണ് തന്റെ കരിയർ ആരംഭിച്ചത്. കുറച്ച് ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് വീട് എന്ന തോന്നൽ നല്‍കുന്നത് ഹൈദരാബാദും ചെന്നൈയുമാണ്. അത് ഒരിക്കലും മാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

“ദക്ഷിണേന്ത്യ എല്ലാവരെയും സ്വീകരിക്കും. പക്ഷെ കഴിവും കഠിന പ്രയത്നവും ഉണ്ടെങ്കിലെ വിജയം നേടാന്‍ സാധിക്കൂ. രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട ഭാഷയായതിനാൽ ഹിന്ദിയിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ദക്ഷിണേന്ത്യ എന്നാല്‍ സൗഹാർദ്ദപരമായ സിനിമ രംഗമാണ്. ദക്ഷിണേന്ത്യയിൽ അതിശയിപ്പിക്കുന്ന സാങ്കേതിക വിദഗ്ധർ ഉണ്ട്. ഗംഭീര സംവിധായകരുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലും സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ ഉള്ളടക്കം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്” – ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ കാജല്‍ പറയുന്നു.