തൃശൂരില്‍ മത്സരിക്കാന്‍ ചിലര്‍ ഘോഷയാത്ര നടത്തുകയാണ്; ക്രമക്കേട് നടക്കുന്ന എല്ലായിടത്തും സുരേഷ് ഗോപി വരുമോ: മന്ത്രി വിഎൻ വാസവൻ

single-img
11 October 2023

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ തട്ടിപ്പ് നടത്തുന്നത് എത്ര കൊമ്പനായാലും വമ്പനായാലും വെറുതെ വിടില്ലെന്നതിന്റെ ഉദാഹരണമാണ് കരുവന്നൂരും കണ്ടലയുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ആര് വിചാരിച്ചാലും സഹകരണ മേഖലയെ തകര്‍ക്കാന്‍ കഴിയില്ലെന്നും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ സമയോചിതമായി പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ഗ്രാമീണ സമ്പദ് ഘടനയില്‍ പുരോഗതി കൊണ്ടുവരാന്‍ സഹകരണബാങ്കുകള്‍ക്ക് കഴിഞ്ഞു. സാധാരണക്കാരന്‍ ജീവിതാവശ്യവുമായി ബന്ധപ്പെട്ട് പെട്ടന്ന് ഓടി എത്തുന്നത് സഹകരണബാങ്കിലാണ്. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണമേഖലകള്‍.

ഏതെങ്കിലും ഒരു കരുവന്നൂരോ കണ്ടലയോ ഉണ്ടായി എന്ന് വച്ച് എല്ലായിടത്തും അങ്ങനെയല്ല. അവിടെ നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇഡി യുടെ അന്വേഷണം നടക്കുന്നത്. ഇഡി ആധാരങ്ങള്‍ കൊണ്ട് പോയത് ശരിയല്ല.

കരുവന്നൂരില്‍ 73 കോടി തിരിച്ചു നല്‍കി. ഇനി 53 കോടി അടുത്ത ദിവസങ്ങളിലും നല്‍കും. കരുവന്നൂരില്‍ കൃത്യമായ റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കി മുഴുവന്‍ പണവും നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റികള്‍ കോടിക്കണക്കിന് തട്ടിപ്പാണ് നടത്തിയതെന്നും പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും വാസവന്‍ കുറ്റപ്പെടുത്തി. തൃശൂരില്‍ മത്സരിക്കാന്‍ ചിലര്‍ ഘോഷയാത്ര നടത്തുകയാണ്. ക്രമക്കേട് നടക്കുന്ന എല്ലായിടത്തും സുരേഷ് ഗോപി വരുമോ എന്നും വി എന്‍ വാസവന്‍ ചോദിച്ചു.