എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി? അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ; വിവാ​ദ പരാമർശവുമായി ബിജെപി നേതാവ്

single-img
13 March 2023

മുസ്ലിം പള്ളികളിൽ നിന്നുള്ള വാങ്കുവിളിയെക്കുറിച്ച് വിവാദപരാമർശവുമായി കർണാടകയിലെ ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. എന്തിനാണ് വാങ്കുവിളിക്കാനായി ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ എന്നുമായിരുന്നു ഈശ്വരപ്പയുടെ ചോദ്യം.

ഇദ്ദേഹം സംസാരിക്കുന്നതിനിടെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നു. ഇതിനെ തുടർന്നായിരുന്നു ഈശ്വരപ്പയുടെ വിവാദ പരാമർശം. താൻ എവിടെ പോയാലും ഈ വാങ്കുവിളി തലവേദനയാണ്. അല്ലാഹു ബധിരനാണോ. എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു.

ഇതിനെല്ലാം പുറമെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ മാത്രമേ അല്ലാഹു പ്രാർത്ഥന കേൾക്കുകയുള്ളൂവെന്നും ബിജെപി നേതാവ് ചോദിച്ചു. ഇവിടെയുള്ള അമ്പലങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർത്ഥനയും ഭജനയും നടത്തുന്നു. ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നാണെന്നും ഈശ്വരപ്പ പറഞ്ഞു. അതേസമയം, നേരത്തെയും ഇത്തരത്തിൽ വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ.