കേന്ദ്ര ബജറ്റിനെ ആമ മുട്ട ബജറ്റ് എന്ന് പരിഹസിച്ചവര്‍ യാഥാര്‍ഥ്യം തിരിച്ചറിയാത്തവർ: സുരേഷ് ഗോപി

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങളില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബജറ്റിനെ ആമ മുട്ട ബജറ്റ് എന്ന് പരിഹസിച്ചവര്‍ യാഥാര്‍ഥ്യം തിരിച്ചറിയാത്തവരാണെന്നാണ് സുരേഷ് ഗോപിയുടെ വിമര്‍ശനം. ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ. അക്ബര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് മാധ്യമങ്ങളെ ഉള്‍പ്പെടെ വിമര്‍ശിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
തൃശൂരില്‍ എടക്കഴിയൂര്‍ മത്സ്യഗ്രാമ പദ്ധതി ഘടകങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും സീഫുഡ് കഫറ്റേരിയ ഫുഡ് ട്രക്ക് വിതരണവും നിര്‍വഹിക്കുകയായിരുന്നു സുരേഷ് ഗോപി. കടലാമകള്‍ മത്സ്യസമ്പത്തിന് അത് എത്രമാത്രം ഗുണകരമാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായി അറിയാം. മത്സ്യബന്ധനം ഉള്‍പ്പെടെ തൊഴിലാക്കിയവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ആമ മുട്ട സംരക്ഷണത്തിനുള്ള പ്രഖ്യാപനം. പദ്ധതിയെ പരിഹസിച്ച് അവരുടെ ശാപം വാങ്ങരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതായി മാറിയത് ഇതുകൊണ്ടാണ്. കേരളത്തിനും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
എടക്കഴിയൂര്‍ മത്സ്യ ഗ്രാമത്തില്‍ ഫിഷ് ലാന്റിംഗ് സെന്റര്‍ അനുബന്ധ ഘടകങ്ങളായ നെറ്റ് മെന്ററിംഗ് യാര്‍ഡ്, ടോയ്ലറ്റ് ബ്ലോക്ക് ഒ.ബി.എം റിപ്പയര്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും മത്സ്യത്തൊഴിലാളി വനിതകള്‍ക്കായി സീഫുഡ് കഫറ്റേരിയ ഫുഡ് ട്രക്ക് വിതരണവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. എന്‍.കെ അക്ബര്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായി.


