ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം

single-img
29 June 2023

കുമാര്‍ഘട്ട്: ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15  പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്.  ബുധനാഴ്ച വൈകുന്നേരം 4.30യോടെ ഉള്‍ട്ട രഥയാത്ര നടക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്കോണ്‍ സംഘടിപ്പിച്ച ക്ഷേത്ര ഉല്‍സവത്തിന്‍റെ ഭാഗമായുള്ളതായിരുന്നു രഥയാത്ര.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക്  4 ലക്ഷം രൂപ സഹായധനവും ഷോക്കേറ്റ് 60 ശതമാനത്തിലേറെ പൊള്ളലേറ്റവർക്ക് രണ്ടര ലക്ഷം രൂപയും അതില്‍ താഴെ പരിക്കേറ്റവര്‍ക്ക് 74000 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായധനം നൽകുമെന്ന് പ്രധാനമന്ത്രിയും വിശദമാക്കി.