കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

single-img
27 October 2022

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു. കാരശ്ശേരി പ‍ഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ബാക്ടീരിയ സ്ഥിരീകരിച്ചത്. ഇതിൽ പത്ത് വയസ്സുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.

പഞ്ചായത്തുമായി ചേർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തിലെ ഭക്ഷണശാലകൾ, ഇറച്ചികടകൾ, മത്സ്യമാർക്കറ്റ് എന്നിവടങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടങ്ങി. എല്ലാ വാ‍ർഡുകളിലും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.

ലക്ഷണങ്ങള്‍

മലിന ജലത്തിലൂടെയാണ് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്.കഠിനമായ പനി കൂടി വരുന്നത്‌കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദ്ദിയുമുണ്ടാവും.

ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുന്‍കരുതല്‍. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക. പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കഴിക്കുക. കുടിവെള്ളസ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.