മോദിയും ഡോവലും പരാജയപ്പെട്ടു; ഖത്തറിൽ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി
ചാരവൃത്തിക്ക് ഖത്തറിl തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.
ഖത്തറിലേക്ക് മോദി പോകുമ്പോൾ ഷാരൂഖ് ഖാനെയും കൊണ്ടു പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു. അതേസമയം ഇതുവരെ സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമിർ തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തെ മോദി പുകഴ്ത്തുക മാത്രമാണുണ്ടായത്.
അമിറിന്‍റെ നേതൃത്വം ഖത്തറിനെ വലിയ വളർച്ചയിലേക്ക് നയിച്ചുവെന്ന് മോദി പറഞ്ഞു. നാളെ വൈകിട്ട് മോദി ഖത്തർ അമിറിനെ കാണും. തടവിലായിരുന്ന ഇന്ത്യൻ നാവികരെ വിട്ടയച്ചത് യാത്രയ്ക്ക് മുമ്പുള്ള പ്രസ്താവനയിൽ മോദി പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.