കെഎസ്‌യു മൂന്നു വോട്ടിന് പരാജയപ്പെട്ടു ; കേരള വര്‍മ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റീകൗണ്ടിങില്‍ എസ്എഫ്‌ഐക്ക് വിജയം

single-img
2 December 2023

തൃശൂര്‍ കേരള വര്‍മ കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ എസ്എഫ്‌ഐക്ക് മൂന്നു വോട്ടിന്റെ വിജയം. എസ്എഫ്‌ഐ ചെയപേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധ് വിജയിക്കുകയായിരുന്നു . ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് റീ കൗണ്ടിങ് നടത്തിയത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധ് 892 വോട്ടും കെഎസ്‌യു സ്ഥാനാര്‍ത്ഥി എം ശ്രീക്കുട്ടന്‍ 889 വോട്ടും നേടി.

നേരത്തെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രഖ്യാപനം റദ്ദാക്കിയാണ് ഹൈക്കോടതി റീകൗണ്ടിങിന് ഉത്തരവിട്ടത്. വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടായെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി റീ കൗണ്ടിങിന് ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ വരണാധികാരി ഹാജരാക്കിയത് കോടതി പരിശോധിച്ചിരുന്നു. ഇതില്‍ അസാധു വോട്ടുകള്‍ പ്രത്യേകമായി രേഖപ്പെടുത്താത്തത് കണ്ടെത്തി. അസാധു വോട്ടുകള്‍ എങ്ങനെ റീകൗണ്ടിങ്ങില്‍ വന്നുവെന്ന് കോടതി ചോദിച്ചിരുന്നു.