ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കാൻ പാടില്ല; കൊല്ലം എസ്എൻ കോളേജിലെ സദാചാര നോട്ടീസിനെതിരെ എസ്എഫ്ഐ

single-img
29 March 2023

കൊല്ലം എസ്എൻ കേളേജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സദാചാര നോട്ടീസിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ ആസാദി കോർണറിൽ ഒന്നിച്ചിരുന്ന് പാട്ട് പാടിയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.

കോളേജിൽ നിന്നും വിദ്യാർത്ഥികൾ ടൂറിന് പോകുമ്പോൾ പാലിക്കേണ്ട സദാചാര വ്യവസ്ഥകൾ എന്ന പേരിൽ എസ്എൻ കോളേജ് ഗ്രൂപ്പിൽ വിദ്യാർത്ഥികളെ ആകെ അധിക്ഷേപിച്ച കുറിപ്പിന്റെ ഉറവിടം കണ്ടെത്തണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

തങ്ങൾ സംഘടിപ്പിച്ച സാംസ്കാരിക പ്രതിഷേധം യുവാക്കളുടെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ ലിംഗ സമത്വത്തിൻ്റെ പ്രതിഷേധമാണെന്ന് ആസാദ് കോർണറിൽ ഒത്തുകൂടിക്കൊണ്ട് വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ, ചില കോളേജ് പ്രൊഫസർമാരാണ് കോളേജ് ഗ്രൂപ്പിൽ വിവാദ കുറിപ്പ് പ്രചരിപ്പിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന സദാചാര കുറിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുറിപ്പ് ലെറ്റർഹെഡിൽ അല്ലെന്നും എസ്എൻ കോളേജ് പ്രിൻസിപ്പൾ നിഷ ജെ തറയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. കോളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര സർക്കുലർ ലിംഗസമത്വത്തെ ചോദ്യം ചെയ്യുന്നതാണ്.

പെൺകുട്ടികൾക്ക് സുരക്ഷിതവുമായ താമസസൗകര്യം നൽകും. നിശ്ചിത സമയം കഴിഞ്ഞാൽ അവരുടെ മുറികളുടെ വാതിലുകൾ പുറത്ത് നിന്ന് പൂട്ടും. എന്നിരുന്നാലും എമർജൻസി അലാറം അല്ലെങ്കിൽ കോൺടാക്റ്റ് ഫോണുകൾ നൽകും. വസ്ത്രധാരണത്തിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾക്കെതിരെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.