സുരക്ഷ ലംഘിച്ച് യാത്ര ചെയ്ത് യുവതിയും കൈക്കുഞ്ഞും; വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിൽ ഗുരുതര സുരക്ഷാ വീഴ്ച

single-img
19 April 2023

പ്രധാനമന്ത്രി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് വന്ദേഭാരത് എക്‌സ്പ്രസില്‍ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ടുകൾ. ഏതാനും റെയിൽവേ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരാണ് ചട്ടം മറികടന്ന് യാത്ര ചെയ്തത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സുരക്ഷ ലംഘിച്ച് യുവതിയും കൈക്കുഞ്ഞും യാത്രചെയ്യുന്ന ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനിടയിൽ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ പലരും വന്ദേഭാരതില്‍ കയറുന്നുവെന്ന് നേരത്തേ തന്നെ വാർത്ത പുറത്ത് വന്നിരുന്നു. പക്ഷെ ഈ കാര്യത്തിൽ കൃത്യമായ വിവരമില്ലെന്നാണ് റെയില്‍വേ അധികൃതരുടെ പ്രാഥമിക പ്രതികരണം.

അതേസമയം, സ്റ്റോപ്പുകളുള്ള സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ഇടിച്ചുകയറുന്ന സാഹചര്യമുണ്ടെന്ന് ആര്‍പിഎഫ് സ്ഥിരീകരിക്കുന്നുമുണ്ട്. നിലവിൽ എറണാകുളത്ത് നിന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ സഹോദരിയും കുഞ്ഞുമാണ് വന്ദേഭാരതില്‍ യാത്ര ചെയ്തത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഈ കാര്യം ഡിവിഷണല്‍ ഓഫീസില്‍ അറിഞ്ഞപ്പോള്‍ ഇവരോട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പക്ഷെ , ആര്‍.പി.എഫ്. കമാന്‍ഡറുടെ നിര്‍ദേശം ലംഘിച്ചും ഇവര്‍ കാസര്‍ക്കോട്ടേക്ക് യാത്ര തുടരുകയായിരുന്നു.

വാഹനത്തിൽ സി12 കോച്ചിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. മുൻ ഭാഗത്തായി എഞ്ചിനില്‍നിന്ന് നാലാമതായുള്ള കോച്ചാണിത്. കോച്ചിന്റെ കര്‍ട്ടന്‍ താഴ്ത്തിയിട്ടായിരുന്നു ഇവരുടെ യാത്ര. മറ്റൊരു കോച്ചിലും കര്‍ട്ടന്‍ താഴ്ത്തിയിട്ടിരുന്നില്ല. കാസർകോട് എത്തിയപ്പോൾ സ്‌റ്റേഷനില്‍ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ആദ്യം കോച്ചിലെ ശൗചാലയത്തിന്റെ ഭാഗത്തേക്ക് മാറുകയും പിന്നീട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്റ്റേഷനില്‍ ഇറങ്ങുകയുമായിരുന്നു.

തൊട്ടുപിന്നാലെ തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതിനുശേഷം അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഏറനാട് എക്‌സ്പ്രസില്‍ മംഗലാപുരം ഭാഗത്തേക്കും യുവതിയും കുഞ്ഞും ഭാവ്‌നഗര്‍- കൊച്ചുവേളി എക്‌സ്പ്രസില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്കും യാത്രതിരിച്ചു എന്നുമാണ് സൂചനകൾ.