ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണന്‍റെയും പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍
സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ കെ. ഗോപാലകൃഷ്ണന്‍റെയും എന്‍. പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ സിവിൽ സർവീസ് തലത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചുവെന്നും അഖിലേന്ത്യ സർവീസ് ചട്ടങ്ങള്‍ ലംഘിച്ചു എന്നുമാണ് ഉത്തരവില്‍ പറയുന്നത്.
കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്‍. പ്രശാന്തിൻ്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.
സിവിൽ സർവീസ് തലത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കെ. ഗോപാലകൃഷ്ണൻ ശ്രമിച്ചത്. ഐഎഎസ് തലത്തിൽ വർഗീയ ചേരിതിരിവിന് ഗോപാലകൃഷ്ണൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഗോപാലകൃഷ്ണന് എതിരായ നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ എന്‍. പ്രശാന്തിൻ്റെ പരസ്യ പ്രതികരണങ്ങള്‍ കടുത്ത അച്ചടക്ക ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രശാന്തിന്‍റെ പരാമർശങ്ങൾ ഭരണ സംവിധാനത്തിൻ്റെ പ്രതിച്ഛായ തകർക്കുന്നുവെന്നും ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്നും ഉത്തരവിൽ വിമർശിക്കുന്നു. മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്ത് മല്ലു ഹിന്ദു എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് കെ. ഗോപാലകൃഷ്ണന് എതിരായ ആരോപണം. ഗോപാലകൃഷ്ണന്‍ അഡ്മിനായ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ വിശദീകരണം.
എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഹാക്കിങ് നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഹാക്കിങ് വാദം തള്ളി മെറ്റയും രംഗത്തെത്തി. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് ശക്തമായിരുന്നു. എസ്‌സി, എസ്‌ടി ഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’യുടെ സിഇഒ ആയിരുന്ന കാലത്തെ എൻ. പ്രശാന്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രശാന്ത് ഫേസ്ബുക്ക് പോര് ആരംഭിച്ചത്.
തനിക്കെതിരെ മാധ്യമങ്ങള്‍ക്ക് വാർത്ത നൽകുന്നത് ജയതിലകാണെന്നാണ് പ്രശാന്തിൻ്റെ ആരോപണം. ‘സ്പെഷൽ റിപ്പോർട്ടർ’ എന്നാണ് ജയതിലകിനെ പ്രശാന്ത് വിശേഷിപ്പിച്ചത്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും പ്രശാന്ത് പരിഹസിച്ചു. സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണന് നേരെയുള്ള പ്രശാന്തിൻ്റെ പരിഹാസം. പോസ്റ്റില്‍ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി ജയതിലക് എന്ന വ്യക്തി തന്നെയാണെന്നും പ്രശാന്ത് അധിക്ഷേപിച്ചു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പ്രശാന്തിനോട് വിശദീകരണം തേടി.
ചീഫ് സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടിടും ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങള്‍ എന്‍. പ്രശാന്ത് അവസാനിപ്പിച്ചില്ല. വിസില്‍ ബ്ലോവർ’ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രശാന്ത് ഫേസ്ബുക്ക് എഴുത്ത് തുടർന്നു. ‘പബ്ലിക് സ്ക്രൂട്ടണി ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂവെന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്‌ക് എടുത്ത് ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത് എന്നത് ദയവായി മനസിലാക്കുക. ഭരണഘടനയുടെ 311ാം അനുച്ഛേദത്തിന്‍റെ സുരക്ഷയുള്ള ഒരു ഐഎഎസുകാരനെങ്കിലും ധൈര്യപൂർവം ഒരു ‘വിസിൽ ബ്ലോവർ’ ആയേ പറ്റൂവെന്നും പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതി.