കുരങ്ങിന്റെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു; പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

single-img
8 April 2024

കുരങ്ങിന്റെ ആക്രമണത്തില്‍ നിന്ന് ഫോണിൽ അലക്‌സയുടെ സഹായത്തോടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര. യുപിയിലെ ലഖ്‌നൗവിലെ നികിത പാണ്ഡെ എന്ന 13കാരിയാണ് തന്നെയും തന്റെ സഹോദരിയേയും വിർച്വൽ വോയ്‌സ് അസിസ്റ്റൻഡായ അലക്‌സയുടെ സഹായത്തോടെ രക്ഷിച്ചത്.

വീടിനുള്ളിൽ കയറിയ കുരങ്ങൻ ഇരുവരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു . ഈ സമയം ധൈര്യം കൈവിടാതിരുന്ന നികിത അലക്‌സയോട് നായ കുരക്കുന്ന ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അലക്‌സ നായയുടെ ശബ്ദമുണ്ടാക്കി. ഇത് കേട്ട് പേടിച്ച കുരങ്ങൻ വീടിന് പുറത്തേക്കോടുകയായിരുന്നു.

ഈ വാർത്ത അറിഞ്ഞപ്പോൾ പെൺകുട്ടിയെ പ്രശംസിച്ച മഹീന്ദ്ര, വിദ്യാഭ്യാസം പൂർത്തിയാക്കി ഭാവിയിൽ മഹീന്ദ്ര കമ്പനിയിൽ കുട്ടിക്ക് ജോലിക്ക് പ്രവേശിക്കാമെന്ന വാഗ്ദാനവും നൽകി. താൻ ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടേയുള്ളവെന്നും ഭാവിയിൽ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നികിത പറയുകയും ചെയ്തു .