പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നേതാവില്ല; സതീശന്‍ ഒരു അത്ഭുതം: ശ്രീകുമാരൻ തമ്പി

single-img
24 May 2026

ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഭരണാധികാരികള്‍ സ്വയം രാജാക്കന്മാരാണെന്ന് കരുതിയാല്‍ ജനാധിപത്യം പരാജയപ്പെടുമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. താന്‍ കേരളത്തിന്റെ രാജാവാണെന്നും ബാക്കിയുള്ളവര്‍ പ്രജകളാണെന്നും വിചാരിക്കുന്ന ഒരാള്‍ മുഖ്യമന്ത്രിയായാല്‍ വളരെയേറെ ദുഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി സതീശന് പറവൂരില്‍ പൗരാവലി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

രാഷ്ട്രീയത്തില്‍ നന്മ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നേതാവ് ഭരണാധികാരിയായി കഴിഞ്ഞാല്‍ ജനങ്ങളെ പ്രജകളായി കാണരുത്. വി.ഡി സതീശന്‍ അങ്ങനെയുള്ള ഒരാളല്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് താന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായതെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നേതാവില്ലെന്നും സതീശന്‍ ഒരു അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജാക്കന്മാരല്ലെന്ന് ഭരണകൂടങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലവിലെ നേതൃത്വത്തിനെതിരെയും ശക്തമായ ഭാഷയിലാണ് ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചത്. സംഘടനയെ നയിക്കുന്നയാള്‍ സമുദായത്തിന്റെ ഭൃത്യനായിട്ടല്ല, രാജാവായാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതയുടെ ചിഹ്നമായല്ല മന്നത്ത് പത്മനാഭന്‍ നായര്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയത്. നായര്‍ ഭൃത്യജനസംഘം എന്നായിരുന്നു അദ്ദേഹം ആദ്യം സംഘടനയ്ക്ക് പേരിട്ടത്. അതാണ് പിന്നീട് എന്‍എസ്എസ് ആയി മാറിയത്. ഭൃത്യജനസംഘമായി തുടങ്ങിയ സംഘടനയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്റെ കസേരയില്‍ ഇരിക്കുന്ന ഉന്നതന്‍ സമുദായത്തിന്റെ ഭൃത്യനായാണോ പെരുമാറുന്നത് അല്ല, രാജാവായിട്ടാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.