രാജസ്ഥാനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ച നായകനായി സഞ്ജു

single-img
23 May 2024

ഐപിഎല്ലിലെ എലിമിനേറ്ററില്‍ കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയതോടെ പുതിയ റെക്കോഡ് സ്വന്തമാക്കി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാൻ ടീമിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ച നായകനെ റെക്കോഡ് ഇതോടെ സഞ്ജുവിന് സ്വന്തമായി. ഐ.പി.എല്ലില്‍ 167 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു മൂന്ന് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4409 റണ്‍സെടുത്തിട്ടുണ്ട്.

നായകനെന്ന നിലയില്‍ 60 മത്സരങ്ങളില്‍ നിന്ന് 31 ജയം നേടിയാണ് എക്കാലത്തെയും മികച്ച വിജയനായകനായത്. ആസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നറും രാജസ്ഥന്റെ പ്രഥമ നായകനുമായ ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്.

55 മത്സരങ്ങളില്‍ ടീമിനെ മുന്നിൽ നിന്നും നയിച്ച വോണ്‍ 30 വിജയങ്ങളാണ് നേടികൊടുത്തത്. 34 മത്സരങ്ങളില്‍ നായകനായ രാഹുല്‍ ദ്രാവിഡിന് 18 വിജയളാണുള്ളത്. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിജയനായകനായ താരത്തിന് ഐ.പി.എല്‍ കിരീടം കൂടി ലഭിച്ചാല്‍ രാജസ്ഥാന്റെ എക്കാലത്തെയും മികച്ച നായകനായും സഞ്ജു മാറും.