ഇന്ത്യയിൽ ആദ്യത്തെ ഗർഭനിരോധന ഗുളിക ‘സഹേലി’ കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു

single-img
29 January 2024

രാജ്യത്ത് ആദ്യ ഗർഭനിരോധന ഗുളികയായ ‘സഹേലി’ കണ്ടുപിടിച്ച ഡോ. നിത്യ ആനന്ദ് അന്തരിച്ചു. 99 വയസ്സായിരുന്നു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ലഖ്‌നൗവിലെ എസ്‌ജിപിജിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സർവീസ് ഡയറക്ടർ കൂടിയാണ് ഡോ. നിത്യ ആനന്ദ്. 1974-1984 കാലഘട്ടത്തിൽ സ്ഥാപനത്തിൻ്റെ തലവനായി പ്രവർത്തിച്ചു. ഇതുവരെ നാനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിൻ്റെ പേരിൽ 130-ലധികം പേറ്റൻ്റുകൾ ഉണ്ട്.

ഏകദേശം 100-ലധികം പിഎച്ച്‌ഡി വിദ്യാർത്ഥികൾക്ക് അദ്ദേഹം മാർഗദർശനവും നൽകിയിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ നോൺ-സ്റ്റിറോയിഡൽ, നോൺ-ഹോർമോൺ ഗുളികയാണ് സഹേലി. 1986-ൽ സഹേലി ഗുളികകൾ വിപണിയിലെത്തി. രാജീവ് ഗാന്ധിയായിരുന്നു ആസമയം പ്രധാനമന്ത്രി. 2016-ൽ സഹേലിയെ ദേശീയ കുടുംബാരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച വ്യക്തികൂടിയാണ് നിത്യ ആനന്ദ്.