ഇറാന് 90 മിസൈൽ ലോഞ്ചറുകൾ നൽകാൻ റഷ്യ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്; രഹസ്യരേഖകൾ പുറത്ത്

single-img
7 November 2026

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഉപയോഗിക്കുന്ന അത്യാധുനിക മിസൈലുകൾ വിക്ഷേപിക്കാനുള്ള 90 ലോഞ്ചറുകൾ ഇറാന് നൽകാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. റഷ്യയുടെ പ്രതിരോധ വ്യവസായത്തിൽനിന്ന് ചോർന്ന രേഖകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ആക്രമണ ഹെലികോപ്റ്ററുകളുടെ പ്രഹരശേഷി വർധിപ്പിക്കാനുള്ള ആയുധസഹകരണത്തിന്റെ ഭാഗമായാണ് നീക്കമെന്നാണ് റിപ്പോർട്ട്.

2024, 2025 വർഷങ്ങളിലെ റഷ്യൻ ആയുധ ഉൽപ്പാദന ഷെഡ്യൂളുകളിൽ 90 എപിയു-എൽ ലോഞ്ചറുകൾക്കുള്ള കയറ്റുമതി ഓർഡർ രേഖപ്പെടുത്തിയിട്ടുണ്ട്. വാങ്ങുന്ന രാജ്യത്തിന്റെ പേര് നേരിട്ട് നൽകിയിട്ടില്ലെങ്കിലും ‘കെ-10’ എന്ന കോഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇറാനെ സൂചിപ്പിക്കാൻ റഷ്യയുടെ സർക്കാർ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോനെക്സ്പോർട്ട് ഉപയോഗിക്കുന്ന കോഡാണിതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ഉക്രേനിയൻ രഹസ്യാന്വേഷണ സ്ഥാപനമായ ഡാളസ് അനലിറ്റിക്സാണ് രേഖകൾ പത്രത്തിന് കൈമാറിയത്.

റഷ്യയുടെ എൽഎംയുആർ അഥവാ ‘ഇസ്ഡെലിയെ 305’ മിസൈലുകൾ വിക്ഷേപിക്കാനാണ് എപിയു-എൽ ലോഞ്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ലോഞ്ചറിനും രണ്ട് മിസൈലുകൾ വീതം വഹിക്കാനാകും. അതിനാൽ 90 ലോഞ്ചറുകൾക്ക് ആകെ 180 മിസൈലുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. റഷ്യയുടെ എംഐ-28 ആക്രമണ ഹെലികോപ്റ്ററുകൾക്കായി വികസിപ്പിച്ച ഈ സംവിധാനം ഇറാനും എംഐ-28 ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ശ്രദ്ധേയമാകുന്നത്.

എന്നാൽ ലോഞ്ചറുകൾ ഇറാനിലെത്തിയെന്ന് രേഖകൾ സ്ഥിരീകരിക്കുന്നില്ല. റഷ്യൻ സഹായത്തോടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വികസിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായും റിപ്പോർട്ടിലുണ്ട്. മിസൈൽ സാങ്കേതികവിദ്യയ്ക്കു പുറമെ വെർബ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആയുധസഹകരണവും ഇരുരാജ്യങ്ങളും തമ്മിൽ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പദ്ധതികളും കരാറുകളും യഥാർഥ സൈനികശേഷിയായി മാറിയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും റഷ്യ ഇറാന് ആയുധങ്ങൾക്കൊപ്പം നിർണായക സാങ്കേതികവിദ്യയും കൈമാറുകയാണോ എന്ന ആശങ്ക ശക്തമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, റഷ്യൻ ആയുധസഹകരണം പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ സ്വാധീനിക്കുമോയെന്ന ചർച്ചയും സജീവമാകുന്നു.