കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം; കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് ബൈജൂസ്

single-img
28 October 2022

കേരളത്തിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കില്ല എന്നും ഇനിയും കൂടുതൽ ഓഫീസുകൾ തുറക്കുമെന്നും വ്യക്തമാക്കി രാജ്യത്തെ എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് അധികൃതർ . സ്ഥാപനം കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ബൈജൂസ് അറിയിച്ചു.

കേരളത്തിലെ ഇപ്പോൾ പ്രവർത്തിക്കുന്ന ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബാംഗളൂരുവിലേക്ക് സ്ഥലം മാറ്റുകമാത്രമാണ് ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ ഈ വര്‍ഷം 3 സ്ഥാപനങ്ങള്‍ കൂടി തുടങ്ങുമെന്നും സംസ്ഥാനത്തെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഓഫീസ് അടച്ചുപൂട്ടി ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റിയെന്ന പരാതിയുമായി ജീവനക്കാർ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയെ കണ്ടതോടെ അഭ്യൂഹങ്ങൾ ശരിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.