ഡൽഹി മദ്യനയ കേസിൽ സിബിഐയ്ക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍

ഡൽഹി മദ്യനയ അഴിമതി കേസ് വഴിത്തിരിവിലേക്ക്. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇന്ന് രാവിലെയാണ് ഇരുവരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി കോടതി വിധി വന്നത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നും ഇരുവരെയും കുറ്റവിമുക്തരാക്കിയെന്നും കോടതി പറഞ്ഞു.
തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥരുടെ ഉത്തരവ് മനഃപൂർവം ലംഘിച്ചു എന്നാരോപിച്ച് ഇഡി ഫയൽ ചെയ്‌ത രണ്ട് ക്രിമിനൽ കേസുകളിലാണ് ഡൽഹി കോടതിയുടെ ഈ നിർണായക വിധി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരസ് ദലാൽ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും മനീഷ് സിസോദിയയുടെ ഭാഗത്ത് നിന്ന് ഒരു ക്രിമിനൽ ഉദ്ദേശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ സിബിഐയുടെ “സൗത്ത് ഗ്രൂപ്പ്” പോലുള്ള പദപ്രയോഗങ്ങളിൽ ജഡ്‌ജി അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇമെയിൽ വഴി സമ്മൻസ് അയക്കുന്നത് ശരിയായ രീതിയല്ല. എന്നിട്ടും മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്ക് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
നിരവധി പ്രതികളെ ഒരേസമയം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണിതെന്നായിരുന്നു സിബിഐയുടെ മറുപടി. അതേസമയം എല്ലാ പ്രതികൾക്കുമെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഡിപി സിങ്ങും അഭിഭാഷകൻ മനു മിശ്രയും പ്രതിനിധീകരിച്ച ഏജൻസി വാദിച്ചു. സത്യം എപ്പോഴും ജയിക്കും എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ കെജ്‌രിവാളിൻ്റെ പ്രതികരണം.
വിധിയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ഭാര്യ സുനിത കെജ്‌രിവാളും രംഗത്ത് എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് 2022ലാണ് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. അതിന് പിന്നാലെ നിരവധി കുറ്റപത്രങ്ങൾ സമ്മർപ്പിക്കുകയും ചെയ്‌തു.
എന്നാൽ നാലാമത്തെ കുറ്റപത്രത്തിൽ മാത്രമാണ് അരവിന്ദ് കെജ്‌രിവാളിൻ്റെ പേര് പരാമർശിച്ചത്. മനീഷ് സിസോദിയ, കെ.കവിത, കുൽദീപ് സിങ്, നരേന്ദർ സിങ്, വിജയ് നായർ, അഭിഷേക് ബോയിൻപള്ളി, അരുൺ രാമചന്ദ്ര പിള്ള, മൂത്ത ഗൗതം, സമീർ മഹേന്ദ്രു, അമൻദീപ് സിങ് ധാൽ, അർജുൻ പാണ്ഡെ, പ്രിൻസ് കുമാർ പ്രസാദ്, ബുച്ചിബാബു ഗോർനത്‌ല എന്നിവരടക്കം 23 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.


