രോഹിതും കോലിയും പുറത്തായി ; മഴയ്ക്ക് ശേഷം ഇന്ത്യ- പാക് മത്സരം പുനരാരംഭിച്ചു

single-img
2 September 2023

മഴ കാരണം നിര്‍ത്തിവെച്ച ഏഷ്യാ കപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം മഴയ്ക്ക് ശേഷം പുനരാരംഭിച്ചു. ടോസ് ലഭിച്ചു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി.

പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എറിഞ്ഞ പന്തില്‍ ഇന്ത്യന്‍ നായകന്‍ (22 പന്തില്‍ 11 റണ്‍സ്) ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. തൊട്ടുപിന്നാലെ ആറാം ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോലിയെയും ഷഹീന്‍ അഫ്രീദി (7 പന്തില്‍ 4 റണ്‍സ്) പുറത്താക്കി. 7.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിലവിൽ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.

ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണി ഉണ്ടായിരിക്കെ മത്സരം ആരംഭിച്ച് ആദ്യ ഓവറുകളില്‍ തന്നെ കളി തടസ്സപ്പെട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു. അതേസമയം, കെ.എല്‍ രാഹുലിന് പകരം ഇഷാന്‍ കിഷാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍. ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി എന്നിവർ ഇന്ത്യയ്ക്കായി ഈ മത്സരത്തിൽ കളിക്കുന്നില്ല.