ചീറ്റകളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചു: പ്രധാനമന്ത്രി

single-img
23 September 2022

ഗുജറാത്തിലെ ഗിര്‍ സിംഹങ്ങള്‍, കടുവകള്‍, ആനകള്‍ തുടങ്ങിയ വന്യജീവികളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയോടൊപ്പം പരിസ്ഥിതി സമ്പത്തും വളരുകയാണ്.

ഇപ്പോൾ ചീറ്റകളുടെ മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിൽ ഇപ്പോൾ കോള്‍നിലങ്ങളും വനഭൂമിയും വികസിക്കുന്നതായി പ്രധാനമന്ത്രി വിലയിരുത്തി.

പരിസ്ഥിതിയോട് സൗഹൃദമായ ഒരു പുതിയ മനോഭാവവും ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഗുജറാത്തിൽ ഏക്താ നഗറില്‍ നടക്കുന്ന പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ കോണ്‍ഫറന്‍സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യയുടെ ഹരിത വളര്‍ച്ചയ്ക്കാണ് ഇപ്പോൾ സർക്കാർ പ്രാമുഖ്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമായും ഹരിത തൊഴിലുകളുടെ വളര്‍ച്ചയും സുസ്ഥിര വികസനവുമാണ് നമ്മുടെ ലക്ഷ്യം. പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.