വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കുന്നു; ബിജെപിക്കെതിരെ കെ.സി. വേണുഗോപാൽ

single-img
16 August 2026

എഐസിസി ആസ്ഥാനത്ത് ഉണ്ടായ വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“വന്ദേമാതരവും സ്വാതന്ത്ര്യസമരവും ഞങ്ങൾക്ക് രാഷ്ട്രീയ വിഷയമല്ല, വൈകാരികമായ വിഷയമാണ്. വന്ദേമാതരത്തെ പൂർണ ബഹുമാനത്തോടെ കാണുന്നവരാണ് കോൺഗ്രസുകാർ. എഐസിസി ആസ്ഥാനത്ത് ഉണ്ടായത് ആശയവിനിമയത്തിലെ ചില പിഴവുകൾ മാത്രമാണ്. വന്ദേമാതരത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്. അത് ഉടൻ എല്ലാവർക്കും ബോധ്യമാകും,” കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച അദ്ദേഹം, വന്ദേമാതരം ബിൽ ബിജെപിയുടെ വിഭാഗീയ അജണ്ടയുടെ ഭാഗമാണെന്നും ആരോപിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷയിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമാണെന്നും, ചൈന കൈവശപ്പെടുത്തിയ അരുണാചൽ പ്രദേശിലെ ഭൂമി തിരിച്ചുപിടിക്കുന്നതിലാണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തിന്, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും, അനുയോജ്യമായ സമയത്ത് പുനഃസംഘടന നടപടികൾ പൂർത്തിയാക്കുമെന്നും പറഞ്ഞു. വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങളും പാർട്ടി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.സി. ജോർജ് ഉയർത്തിയ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പണം മാത്രം കൊണ്ട് തിരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ തെളിയിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും, കോൺഗ്രസ് മുമ്പേ തന്നെ ഇത്തരം കാര്യങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.