വന്ദേമാതരം പഴയപോലെ ആലപിക്കുന്നത് കുറ്റമെങ്കിൽ ആദ്യം ഗാന്ധിജിക്കും നെഹ്റുവിനുമെതിരെ കേസെടുക്കൂ: ഖാര്‍ഗെ

single-img
18 August 2026

എഐസിസി ആസ്ഥാനത്തും ഗോവയിലെ പാർട്ടി പരിപാടിയിലും സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഉണ്ടായ വിവാദ സംഭവങ്ങളിൽ ദേശീയ നേതാക്കൾക്കെതിരെ കേസെടുത്ത സംഭവത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. വന്ദേമാതര ആലാപനം മുഴുവനായി പാടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളും ഇടപെടലുകളും കാരണം നിരവധി പേരാണ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ പൊലീസിൽ പരാതി നൽകിയത്.

ദേശീയ ഗീതം അതിൻ്റെ പഴയ രീതിയിൽ തന്നെ ആലപിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെയും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്‌പേയ് എന്നിവർക്കെതിരെയും ഇത്തരത്തിൽ കേസെടുത്തേനെ എന്നാണ് കോൺഗ്രസ് അധ്യക്ഷൻ്റെ പ്രതികരണം.

മല്ലികാർജുൻ ഖാർഗെയെ കൂടാതെ തിങ്കളാഴ്ച സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സോണിയാ ഗാന്ധി വന്ദേമാതരം ആലാപനത്തെ തടസപ്പെടുത്തിയിട്ടില്ല എന്നും ഖാർഗെയ്ക്ക് കസേര കൊണ്ടുവരാനാണ് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് വിശദീകരിച്ചിരുന്നു.

മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ഖാർഗെ പൊലീസ് കേസെടുത്ത നടപടിയെ ചോദ്യം ചെയ്തു. “നോക്കൂ, അവർ എന്ത് പരാതിയാണ് നൽകാൻ പോകുന്നത്? മഹാത്മാ ഗാന്ധി പാടിയ അതേ വന്ദേമാതരം തന്നെയാണ് ഞങ്ങളും പാടിയത്. ജവഹർലാൽ നെഹ്‌റു പാടിയ അതേ വന്ദേമാതരം തന്നെയാണ് ഞങ്ങളും പാടിയത്. കഴിഞ്ഞ 18 വർഷമായി വാജ്‌പേയിയുടെ കീഴിലുള്ള അവരുടെ കേന്ദ്ര സർക്കാർ പാടിയ അതേ വന്ദേമാതരം തന്നെയാണ് ഞങ്ങളും പാടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും വർഷങ്ങളായി പാടുന്ന അതേ വന്ദേമാതരം തന്നെയാണ് ഞങ്ങളും പാടിയത്. ഇതൊരു കുറ്റകൃത്യമാണെങ്കിൽ അവർ 18 വർഷമായി ഈ കുറ്റകൃത്യം ചെയ്യുന്നു. ഇത് ഒരേ കുറ്റകൃത്യമാണെങ്കിൽ മഹാത്മാ ഗാന്ധിക്കെതിരെയും കേസ് ഫയൽ ചെയ്യൂ. ഇത് അതേ കുറ്റകൃത്യമാണെങ്കിൽ നെഹ്‌റുവിനെതിരെ കേസ് ഫയൽ ചെയ്യൂ,” മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.