ഇടതുപക്ഷ ഭരണകാലത്തുപോലും പ്രകടമായിട്ടില്ലാത്ത ക്രൂരതകൾ നിറഞ്ഞതാണ് മമതാ ബാനർജിയുടെ രാഷ്ട്രീയം: രവിശങ്കർ പ്രസാദ്

single-img
12 July 2023

പശ്ചിമ ബംഗാളിലെ പഞ്ചായത് തിരഞ്ഞെടുപ്പിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമ സംഭവങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം മിണ്ടാത്തത് എന്തുകൊണ്ടാണെന്നും രവിശങ്കർ ചോദിച്ചു.

ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി അയച്ച നാലംഗ വസ്തുതാന്വേഷണ സംഘത്തിന്റെ തലവനായി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വിമർശനം. ബംഗാളിൽ 34 വർഷത്തെ ഇടതുപക്ഷ ഭരണത്തെ പരാജയപ്പെടുത്തിയപ്പോൾ മമതാജിയോട് ഞങ്ങൾക്ക് വലിയ ബഹുമാനമായിരുന്നു. അവർ ഒരു പോരാളിയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, അവരുടെ സർക്കാർ സംസ്ഥാനത്തെ ദുർഭരണം, അരാജകത്വം, നിയമലംഘനം എന്നിവ സംബന്ധിച്ച് ഇടതുപക്ഷത്തിന്റെ റെക്കോർഡുകൾ പോലും മറികടന്നു, ”രവിശങ്കർ പ്രസാദ് കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇടതുപക്ഷ ഭരണകാലത്തുപോലും പ്രകടമായിട്ടില്ലാത്ത ക്രൂരതകൾ നിറഞ്ഞതാണ് മമതാ ബാനർജിയുടെ രാഷ്ട്രീയമെന്നും അദ്ദേഹം അവകാശപ്പെട്ടു. “എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെടുന്നത്? എന്തിനാണ് സംസ്ഥാനത്തുടനീളം ഇത്രയധികം അക്രമങ്ങൾ? സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലേ ഇത്? ഒരു കാലത്ത് ബീഹാറിന്റെ സാഹചര്യം ഇതായിരുന്നു, എന്നാൽ സംസ്ഥാനവും മുന്നോട്ട് പോയി. ബംഗാളിൽ ജനാധിപത്യത്തെ നാണം കെടുത്തിയിരിക്കുകയാണ് മമത ബാനർജി.”- രവിശങ്കർ പറഞ്ഞു.