സ്പീക്കർ അനുമതി നൽകിയാലുടൻ എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യും

single-img
14 October 2022

സ്പീക്കർ അനുമതി നൽകിയാലുടൻ യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോകുന്നത്.

ഇതിന്റെ ഭാഗമായി അറസ്റ്റിനുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണ് എങ്കിലും, ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് പൊലീസിന് കൃത്യമായ ധാരണ ഉണ്ട് എന്നാണു ലഭിക്കുന്ന വിവരം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കും.

എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.