സുഹൃത്തിന്റെ പിതാവിനായി കരൾ പകുത്തു നൽകി ജീവിതം തന്നെ നഷ്ടപ്പെട്ട രഞ്ജു; ജീവിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

സുഹൃത്തിന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തു നൽകാൻ എടുത്ത തീരുമാനമാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജുവിന്റെ ജീവിതം പൂർണമായും മാറ്റിമറിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചികിത്സാ പിഴവ് മൂലം ഇന്ന് രഞ്ജു ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത കിടപ്പുരോഗിയായി മാറി. ചികിത്സയ്ക്കായി ഒന്നരക്കോടിയിലേറെ രൂപ ചെലവായതോടെ ഉണ്ടായിരുന്ന കിടപ്പാടം വരെ നഷ്ടപ്പെട്ടു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇപ്പോൾ ഈ കുടുംബം.
വിദേശത്ത് ജോലി ചെയ്തിരുന്ന രഞ്ജു ലീവിൽ നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ അച്ഛന് വേണ്ടി കരളിന്റെ പകുതി പകുത്തു നൽകിയത്. എന്നാൽ നാലര വർഷം മുമ്പ് നടന്ന ആ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ ജീവിതം അപകടത്തിലാക്കി. ചികിത്സാ പിഴവ് മൂലം രഞ്ജു കിടപ്പുരോഗിയായി. തുടർന്ന് ആസ്പിറേഷൻ ന്യൂമോണിയ ബാധിച്ചതോടെ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. ട്യൂബിലൂടെ മാത്രമാണ് ഇപ്പോൾ ഭക്ഷണം നൽകുന്നത്. സഹോദരി രശ്മിയാണ് രഞ്ജുവിനെ മുഴുവൻ സമയവും പരിചരിക്കുന്നത്.
കരൾ പകുത്തു നൽകിയ സുഹൃത്തെയോ കുടുംബത്തെയോ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരിക്കലും കണ്ടിട്ടില്ലെന്ന് രഞ്ജുവിന്റെ കുടുംബം പറയുന്നു. അന്വേഷിച്ചപ്പോൾ അവർ താമസിച്ചിരുന്ന വീട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് വിവരം ലഭിച്ചത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ മനസ്സലിവുള്ള ജനങ്ങളുടെ സഹായം തേടുകയാണ് ഈ കുടുംബം.
പെപ്റ്റമെൻ (Peptamen) എന്ന പൗഡർ രൂപത്തിലുള്ള പ്രത്യേക ഭക്ഷണമാണ് രഞ്ജുവിന് ഇപ്പോൾ ട്യൂബിലൂടെ നൽകുന്നത്. എന്നാൽ വൻ കടക്കെണിയിൽപ്പെട്ട കുടുംബത്തിന് ഈ ഭക്ഷണം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ചികിത്സയ്ക്കായി ആറ്റിങ്ങലിലെ സ്വന്തം വീട് വിൽക്കേണ്ടിവന്നു . ഇപ്പോൾ തുടർ ചികിത്സയ്ക്കായി കൊച്ചിയിൽ വാടക വീട്ടിലാണ് താമസം. രഞ്ജുവിന്റെ ജീവൻ നിലനിർത്താൻ 28 ദിവസം കൂടുമ്പോൾ റൈൽസ് ട്യൂബ് മാറ്റണം. ഓരോ മാസവും സിലിക്കൺ കതീറ്റർ മാറ്റേണ്ടതുണ്ട്. ഇടയ്ക്കിടെ സക്ഷനും ആവശ്യമാണ്. ഇതെല്ലാം വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
മുമ്പ് നല്ല നിലയിൽ കഴിഞ്ഞിരുന്ന രഞ്ജുവിന്റെ കുടുംബം ഇന്ന് ഒരു ബോട്ടിൽ ഭക്ഷണം പോലും നൽകാൻ കഴിയാതെ ജനങ്ങൾക്ക് മുന്നിൽ സഹായം അഭ്യർത്ഥിക്കുകയാണ്. ഒരു ബോട്ടിൽ ഫുഡിന് ഏകദേശം 1700 രൂപയാണ് വില. സർജറിക്ക് ശേഷം ദഹനപ്രക്രിയയിൽ ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി ഇതാണ് രഞ്ജുവിന്റെ ഏക ആഹാരം.
കൊച്ചിയിൽ താമസിക്കുന്നവർക്ക് സാധിക്കുമെങ്കിൽ ഒരു ബോട്ടിൽ ഫുഡ് നേരിട്ട് വാങ്ങി നൽകുകയോ, അല്ലെങ്കിൽ ഓൺലൈൻ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ അയച്ചു കൊടുക്കുകയോ ചെയ്യണമെന്ന് കുടുംബം അഭ്യർത്ഥിക്കുന്നു. ചെറിയ സഹായം പോലും ഇവർക്കു വലിയ ആശ്വാസമാണ്.
അവയവദാനം എന്ന മഹാദാനത്തിലൂടെ സ്വന്തം ആരോഗ്യവും ജീവിതവും നഷ്ടപ്പെട്ട രഞ്ജുവിന് സമൂഹത്തിന്റെ കൈത്താങ്ങ് അത്യാവശ്യമാണ്. നമ്മൾ ഓരോരുത്തരും ഒന്നു ചേർന്ന് നിന്നാൽ രഞ്ജുവിനെ വീണ്ടും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായം നൽകണമെന്നു രഞ്ജുവും കുടുംബവും സുമനസ്സുകളോട് അപേക്ഷിക്കുന്നു. നിലവിൽ തുടർ ചികിത്സകൾക്കായി കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജുവിന്റെ അക്കൗണ്ട് വിവരങ്ങൾ ഇതാണ് ;
Resmi R
Mob 9544390122
അക്കൗണ്ട് ഡീറ്റെയിൽസ്
Name Resmi R
Account No. 0114053000109508
IFSC. SIBL0000114
South Indian Bank
Attingal branch
Gpay/phone pay 9544390122, 9562174154


