ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

single-img
9 November 2022

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ മുന്‍പ് ഗവര്‍ണര്‍ തന്നെ കത്ത് നല്‍കി ആവശ്യപ്പെട്ടപ്പോള്‍ തുടരാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്. വിസിമാരുടെ കാര്യത്തില്‍ സുപ്രീം കോടതി ആണ് വിധി പറഞ്ഞത്, ഇപ്പൊള്‍ ഗവര്‍ണറെ മാറ്റുന്നതില്‍ എന്ത് അടിസ്ഥാനമെന്ന് ചെന്നിത്തല ചോദിച്ചു.

ഗവര്‍ണറെ മാറ്റിയാല്‍ ഇനി സര്‍വകലശാല തലപ്പത്ത് മാര്‍ക്സിസ്റ്റ് ഭരണമാകും. സര്‍വകലാശാലകള്‍ എകെജി സെന്‍റുകള്‍ ആയിമാറും, പ്രവര്‍ത്തനം ഇടത് പക്ഷ നിയന്ത്രണത്തില്‍ ആകും. ഈ നീക്കത്തെ കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സര്‍വ്വകലാശാലകളിലെ വിസിമാരെ നിയമിച്ചത്. പല സര്‍വ്വകലാശാലകളുടെയും നിലവാരം തകര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല. അതിനാണ് പരിഹാരം കാണേണ്ടത്. ഗവര്‍ണറോട് ഉള്ള നിലപാട് വിഷയാധിഷ്ഠിതമാണ്. വിസി നിയമനം യുജിസി നിബന്ധന പ്രകാരം സുപ്രീംകോടതി പറഞ്ഞതുപോലെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറുടെ മാധ്യമവിലക്കില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചത് സ്വാഗതാര്‍ഹമാണ്. പക്ഷേ മുഖ്യമന്ത്രി പണ്ട് കടക്ക് പുറത്ത് പറഞ്ഞപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. മാധ്യമ നിയന്ത്രണത്തിന് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാല്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഭരിക്കുന്നത് ഏകാധിപധിയും അടിമക്കൂട്ടവുമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാലാരിവട്ടം അഴിമതിയുടെ പേരില്‍ അന്നത്തെ വകുപ്പ് മന്ത്രി ജയിലില്‍ പോയതാണ്. കോഴിക്കോട് കെഎസ്‌ആര്‍ടി കെട്ടിട നിര്‍മ്മാണത്തിലും വന്‍ അഴിമതി നടന്നു. അതിനാല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയെയും ജയിലില്‍ അടക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കെഎസ്‌ആര്‍ടിസി കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസ്സ് ജില്ലക്കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.